രാത്രിയിൽ ട്രെയിനിൽ മൊബൈൽ ചാർജിങ് വിലക്കി ഇന്ത്യൻ റെയിൽവേ; സർപ്രൈസ് പരിശോധനകൾക്കും നിർദേശം
ന്യൂഡൽഹി: ട്രെയിനുകളിൽ തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാത്രി സമയങ്ങളിൽ മൊബൈൽ ചാർജിങ്ങിന് വിലക്കേർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണി വരെയുള്ള സമയത്താണ് നിയന്ത്രണം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
മൊബൈൽ ഫോണുകൾ, പവർ ബാങ്കുകൾ എന്നിവയ്ക്ക് തീപിടിച്ചുള്ള അപകടങ്ങൾ സമീപകാലത്ത് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിർദിഷ്ട ആറ് മണിക്കൂറിൽ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. രാത്രി യാത്രക്കാർ ഉറങ്ങുമ്പോൾ ഫോണുകൾ ചാർജിലിടുന്നത് പതിവാണ്. എന്നാൽ ഉപകരണങ്ങൾ അമിതമായി ചൂടാകുന്നതോ പുക ഉയരുന്നതോ ഉറക്കത്തിൽ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് നടപടി. നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കോച്ചുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
.jpg)


