ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പി ടി ഉഷ മത്സരിക്കുന്നില്ല

p t usha

അഞ്ജു ബോബി ജോര്‍ജ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കി.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട സമയം അവസാനിച്ചു. നിലവിലെ അധ്യക്ഷ പിടി ഉഷ നാമനിര്‍ദ്ദേശ പത്രിക നല്‍കിയില്ല. അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ ദില്ലി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ അടക്കം മൂന്ന് പേര്‍ പത്രിക നല്‍കി. അഞ്ജു ബോബി ജോര്‍ജ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കി. ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ഐസ് ഹോക്കി ഫെഡറേഷന്‍ വഴി ജനറല്‍ അസംബ്ലിയിലേക്ക് എത്തിയ പിടി ഉഷ മത്സരിക്കുമെന്ന് ശക്തമായ സൂചനയുണ്ടായിരുന്നെങ്കിലും പത്രിക നല്‍കാന്‍ എത്തിയില്ല. ഇതോടെ ഐഒഎ അധ്യക്ഷ സ്ഥാനത്തുനിന്നും ഉഷയുടെ പടിയിറക്കം ഉറപ്പായി. അധ്യക്ഷ സ്ഥാനത്തേക്ക് വന്‍ ചരടുവലികളാണ് അവസാന നിമിഷം വരെ നടക്കുന്നത്. ദില്ലിയിലെ ബിജെപി നേതാവായ വീരേന്ദ്ര സച്‌ദേവ, മുന്‍ ഷൂട്ടിംഗ് താരം ഗഗന്‍ നരംഗ്, മുന്‍ ഐഒഎ സെക്രട്ടറി ജനറല്‍ സഞ്ജീവ് മേത്ത എന്നിവരാണ് പത്രിക നല്‍കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് അഞ്ജു ബോബി ജോര്‍ജ് മത്സരിക്കുന്നത്. സച്‌ദേവയും ഗഗന്‍ നരംഗും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും പത്രിക നല്‍കിയിട്ടുണ്ട്. സച്‌ദേവയുടെ പാനലിനൊപ്പമാണ് അഞ്ജുവെന്നാണ് സൂചന.

സുമന്‍ കൗശിക്, വിജേന്ദര്‍ സിംഗ് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. അഞ്ചിനാണ് വോട്ടെടുപ്പും ഫല പ്രഖ്യാപനവും.

Tags