ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ പാകിസ്താൻ ഇന്റലിജൻസ് ഏജന്റിന് ചോർത്തി ; അസമിൽ ഒരാൾകൂടി അറസ്റ്റിൽ

Indian defense secrets leaked to Pakistani intelligence agent; one more person arrested in Assam.

ഗുവാഹത്തി : ഇന്ത്യൻ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പാകിസ്താൻ ഇന്റലിജൻസ് ഏജന്റിന് കൈമാറിയ കേസിൽ അസമിൽ ഒരാൾ കൂടി പിടിയിലായി. ബിഹാർ സ്വദേശിയായ രിതേഷ് കുമാർ സിങ് എന്നയാളെയാണ് അസം പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഗുവാഹത്തിയിൽ വെച്ച് പിടികൂടിയത്. സമാനമായ കേസുമായി ബന്ധപ്പെട്ട് അസം പൊലീസ് രേഖപ്പെടുത്തുന്ന രണ്ടാമത്തെ അറസ്റ്റാണിത്. ഇന്ത്യൻ സൈന്യത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും തന്ത്രപ്രധാനമായ നീക്കങ്ങളും വിവരങ്ങളും പാക് ഏജന്റുകൾക്ക് ചോർത്തി നൽകുന്ന വലിയ ശൃംഖലയെക്കുറിച്ച അന്വേഷണത്തിനിടയിലാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിരോധ മേഖലയിലെ ജീവനക്കാരെയും സാധാരണക്കാരെയും ഹണിട്രാപ്പിൽ പെടുത്തിയും പണം വാഗ്ദാനം ചെയ്തും വിവരങ്ങൾ ചോർത്താൻ പാക് ചാരസംഘടനകൾ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഇയാളിൽ നിന്ന് സ്മാർട്ട്ഫോണുകളും ചില ഡിജിറ്റൽ രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് വിശദ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴിയും മറ്റും ആരൊക്കെയാണ് പാക് ഏജന്റുമാരുമായി സമ്പർക്കം പുലർത്തിയത് എന്നതിനെക്കുറിച്ച് കേന്ദ്ര-സംസ്ഥാന ഏജൻസികൾ സംയുക്തമായി വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags