ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാം; യോഗ്യതകൾ അറിയാം
ഇന്ത്യൻ ആർമിയിൽ ഓഫീസർമാരായി ചേരാൻ ആഗ്രഹിക്കുന്ന എൻസിസി ഉദ്യോഗാർത്ഥികൾക്ക് 124-ാം NCC സ്‌പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷിക്കാം. ഫെബ്രുവരി 13 മുതൽ ഓൺലൈനായാണ് രജിസ്ട്രേഷൻ ആരംഭിക്കുക. ഒക്ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
tRootC1469263">ആകെയുള്ള 76 തസ്തികകളിൽ 63 ഒഴിവുകൾ എൻസിസി പുരുഷന്മാർക്കും 5 ഒഴിവുകൾ എൻസിസി വനിതാ കേഡറ്റുകൾക്കും സംവരണം ചെയ്തിട്ടുണ്ട്. എട്ട് ഒഴിവുകൾ വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതർക്കും സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യതകൾ:
2026 ജൂലൈ 1-ന് 19 നും 25 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം നേടിയിരിക്കണം. ബിരുദ അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം; എന്നാൽ ആദ്യ വർഷങ്ങളിൽ കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് NCC ‘C’ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
ഈ നിയമനത്തിന് എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല. അപേക്ഷകരിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ നേരിട്ട് എസ് എസ് ബി (Services Selection Board) ഇന്റർവ്യൂവിന് ക്ഷണിക്കും. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് വൈദ്യപരിശോധന ഉണ്ടായിരിക്കും. ഇവ രണ്ടിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ് നടക്കുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുവാൻ ശ്രദ്ധിക്കുക.
.jpg)


