നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ അയക്കാമെന്ന് ഇന്ത്യ, നിര്‍ദ്ദേശം സ്വീകരിക്കാതെ നേപ്പാള്‍

india

നേപ്പാളില്‍ 320 ഇന്ത്യക്കാരെയും 100 ഇന്ത്യന്‍ വംശജരെയും ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെയാണ് കരസേനയെയും വ്യോമസേനയെയും എന്‍ ഡി ആര്‍ എഫ് സംഘങ്ങളെയും അയക്കാനുള്ള ഇന്ത്യയുടെ നീക്കം.

നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും എന്‍ ഡി ആര്‍ എഫ് സംഘത്തെയും അയക്കാമെന്ന ഇന്ത്യയുടെ നിര്‍ദ്ദേശം ഇതുവരെ സ്വീകരിക്കാതെ നേപ്പാള്‍. എന്തിനും ഇന്ത്യ തയ്യാറായി നില്‍ക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേപ്പാള്‍ വിദേശകാര്യമന്ത്രി ശിസിര്‍ ഖനാലിനെ അറിയിച്ചു. തുരങ്കത്തില്‍ തിരച്ചില്‍ നടത്താനുള്ള വിദഗ്ധ സംഘത്തിന്റെ സഹായം മാത്രമാണ് നേപ്പാള്‍ ഇതുവരെ തേടിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളില്‍ 320 ഇന്ത്യക്കാരെയും 100 ഇന്ത്യന്‍ വംശജരെയും ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെയാണ് കരസേനയെയും വ്യോമസേനയെയും എന്‍ ഡി ആര്‍ എഫ് സംഘങ്ങളെയും അയക്കാനുള്ള ഇന്ത്യയുടെ നീക്കം.

ബെയ്‌ലി പാലം അടക്കം സ്ഥാപിക്കാന്‍ കരസേന തയ്യാറാണെന്ന് നേപ്പാളിനെ ഇന്ത്യ അറിയിച്ചിരുന്നു. തിരച്ചിലിനുള്ള ഉപകരണങ്ങളുമായി എന്‍ ഡി ആര്‍ എഫ് സംഘത്തെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ എത്ര വേണമെങ്കിലും നല്‍കാമെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഇതുവരെ സേനയുടെ സഹായം സ്വീകരിക്കാന്‍ നേപ്പാള്‍ തയ്യാറായിട്ടില്ല

Tags