പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ തക്കവണ്ണം പാകിസ്താൻ ഭീകരവാദം ഉപേക്ഷിച്ചതിന് തെളിവുകളൊന്നുമില്ല : ഇന്ത്യ

Indus Waters Treaty

 ന്യൂഡൽഹി: പാകിസ്താൻ ഭീകരവാദത്തെ പിന്തുണക്കുന്നതിനാൽ, സിന്ധു നദീജല കരാർ നിലവിലെ രൂപത്തിൽ ഇനി പ്രവർത്തിക്കില്ലെന്നും, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഈ കരാർ പുനഃസ്ഥാപിക്കാൻ തക്കവണ്ണം പാകിസ്താൻ ഭീകരവാദം ഉപേക്ഷിച്ചതിന് തെളിവുകളൊന്നുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഏപ്രിലിൽ പഹൽഗാമിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന 26പേരെ കൊലപ്പെടുത്തിയതിനെത്തുടർന്ന്, ഇന്ത്യ പ്രഖ്യാപിച്ച പ്രതിരോധ നടപടികളുടെ ഭാഗമായാണ് സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഈ ആക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടപ്പിലാക്കിയിരുന്നു.

1950കളിൽ രൂപീകരിച്ച കരാറിനുശേഷം കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ മാറ്റങ്ങൾ, ഹൈഡ്രോളജിക്കൽ സാങ്കേതികവിദ്യയിലെ പുരോഗതി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് നദീജല പങ്കിടൽ വ്യവസ്ഥകൾ പുനഃക്രമീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. യു.എൻ സുരക്ഷാ കൗൺസിലിൻറെ ഉപരോധ സമിതിയുടെ പട്ടികയിലുള്ള ഭീകരവാദികൾ പാകിസ്താനിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്.

കരാർ സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് 2023 മുതൽ കരാർ പുനഃക്രമീകരിക്കാൻ ഇന്ത്യ നാല് തവണ പാകിസ്താനെ ഔദ്യോഗികമായി സമീപിച്ചിരുന്നു. എന്നാൽ പാകിസ്താൻ ഇതിനോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യ തങ്ങളുടെ ജലവിതരണം വിഛേദിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ പാകിസ്താൻ ഇരവാദം സൃഷ്ടിക്കുന്നുണ്ട്.

കരാർ സസ്പെൻഡ് ചെയ്തതിനുശേഷം, ജമ്മു കശ്മീരിലെ ജല മാനേജ്‌മെൻറ്, വൈദ്യുത ഉൽപ്പാദന പദ്ധതികളുടെ പണികൾ ഇന്ത്യ വേഗത്തിലാക്കി. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 3,500 മെഗാവാട്ട് അധികമായി ഉൽപ്പാദിപ്പിക്കും. കിറു, പാകൽ ദുൽ ജലവൈദ്യുത പദ്ധതികൾ ഈ വർഷം കമ്മീഷൻ ചെയ്യും. ക്വാർ, റാത്ലെ പദ്ധതികൾ 2028-ഓടെ പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ വ്യക്തമാക്കി.

Tags