ഇന്ത്യ ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനി അല്ല'; മസ്‌കിന് മറുപടിയുമായി കമല്‍ഹാസന്‍

kamal

ഞങ്ങള്‍ ലോകത്തെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ ഇന്ത്യക്കാരായ ഞങ്ങള്‍ തന്നെയായിരിക്കും ഞങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുക,' എന്നാണ് കമല്‍ഹാസന്റെ പ്രതികരണം.

ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം നിര്‍ണ്ണയിക്കാന്‍ അവകാശമില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമല്‍ ഹാസന്‍. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ചില വ്യവസായ പ്രമുഖര്‍ തടയുകയാണെന്ന ഇലോണ്‍ മസ്‌കിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനിയല്ല. ഞങ്ങള്‍ ലോകത്തെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ ഇന്ത്യക്കാരായ ഞങ്ങള്‍ തന്നെയായിരിക്കും ഞങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുക,' എന്നാണ് കമല്‍ഹാസന്റെ പ്രതികരണം.


ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചെലവ് കുറയ്ക്കുന്നതോടൊപ്പം ദേശീയ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കമല്‍ ഹാസന്‍ ഊന്നിപ്പറഞ്ഞു. നെറ്റ്വര്‍ക്കുകളെയും സ്പെക്ട്രത്തെയും വെറുമൊരു വാണിജ്യ സ്വത്തായി കാണാതെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളായി വേണം കാണാന്‍ എന്നും ഇന്ത്യയുടെ സുരക്ഷാ മുന്‍കരുതലുകളില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുറന്ന വിപണി ആവശ്യപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങള്‍, തങ്ങളുടെ വിപണികളെ സംരക്ഷിക്കുകയും വിദേശത്ത് മാത്രം സ്വതന്ത്ര മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു. തങ്ങളുടെ ആഭ്യന്തര നിര്‍മ്മാതാക്കളെ സംരക്ഷിക്കാന്‍ ഇന്ത്യ നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് അമേരിക്ക ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100% തീരുവ ചുമത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുത്തക നിലനിര്‍ത്തുന്നതിനായി ചില വന്‍കിട മുതലാളിമാര്‍ തന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയെ തടയുകയാണെന്ന് മസ്‌ക് ആരോപിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ത്ഥ ബോസ് എന്നും മസ്‌ക് ചോദിച്ചിരുന്നു.

Tags