രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ദരിദ്രര്‍ക്ക് ഒരു വീട് പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല, അനധികൃത കുടിയേറ്റക്കാര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി എംഎല്‍എ
കുടിയേറ്റക്കാര്‍ ആരാണെന്നും അവര്‍ എന്തിനാണ് അവിടെ വന്ന് താമസമാക്കിയതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നുമാണ് മംഗളൂരു നോര്‍ത്ത് മണ്ഡലം എംഎല്‍എ ഡോ. വൈ ഭരത് ഷെട്ടി പറയുന്നത്.
കര്‍ണാടകയില്‍ മുന്നറിയിപ്പില്ലാതെ വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെതിരെ ബിജെപി എംഎല്‍എ. യെലഹങ്ക കൊഗിലു ലേഔട്ടില്‍ അനധികൃതമായി താമസമാക്കിയ കുടിയേറ്റക്കാര്‍ ആരാണെന്നും അവര്‍ എന്തിനാണ് അവിടെ വന്ന് താമസമാക്കിയതെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നുമാണ് മംഗളൂരു നോര്‍ത്ത് മണ്ഡലം എംഎല്‍എ ഡോ. വൈ ഭരത് ഷെട്ടി പറയുന്നത്. അതിനായി സര്‍ക്കാര്‍ പ്രത്യേകം അന്വേഷണ സംഘം രൂപീകരിക്കണമെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് പാര്‍പ്പിടം അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭരത് ഷെട്ടി പറഞ്ഞു.
'കുടിയിറക്കപ്പെട്ടവരെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഒരു രേഖയും ആവശ്യപ്പെടാതെ നാലോ അഞ്ചോ കിലോമീറ്റര്‍ അകലെ വീട് നല്‍കി പുനരധിവസിപ്പിക്കാന്‍ നീങ്ങുകയാണ്. ഈ സംഭവവികാസങ്ങളില്‍ ഭവന മന്ത്രി സമീര്‍ അഹമ്മദ് ഖാന് പങ്കുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്ക് വീട് നല്‍കാനുളള നീക്കത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുളള രാഷ്ട്രീയ സമ്മര്‍ദവുമുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ദരിദ്രര്‍ക്ക് ഒരു വീട് പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നമ്മുടെ സ്വന്തം ജനങ്ങളുടെ അവസ്ഥ ഇങ്ങനെയിരിക്കെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള അനധികൃത കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിന് എന്ത് ന്യായീകരണമാണ് ഉളളത്?; ഭരത് ഷെട്ടി ചോദിച്ചു
.jpg)


