അമൃത്സറില്‍ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടാത്തലവനെ വെടിവച്ചുകൊന്നു

അമൃത്സറില്‍ ഗുണ്ടതലവനെ പട്ടാപ്പകല്‍ വെടിവച്ചു കൊലപ്പെടുത്തി. ജര്‍ണയില്‍ സിങ് ആണ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമൃത്സറിലെ സതിയാല ഗ്രാമത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഗുണ്ടാതലവന്‍ ജര്‍ണയില്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഗോപി ഘന്‍ഷാംപുരിയ ഗൂണ്ട സംഘത്തിന്റെ ഭാഗമാണ് ഇയാള്‍. ആളുകള്‍ നോക്കി നില്‍ക്കെ മുഖം മൂടി ധരിച്ചെത്തിയ നാല് ആക്രമികള്‍ ജര്‍ണയില്‍ സിംഗിന് നേരെ വെടിവയ്ക്കുകയായായിരുന്നു. അക്രമികള്‍ 25 ഓളം തവണ വെടിയുതിര്‍ത്തു. വെടിയേറ്റ് വീണ ജര്‍ണയില്‍ സിങ്ങിനെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകശ്രമം അടക്കം നാലു കേസുകള്‍ ജര്‍ണയില്‍ സിംഗിന്റെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവിദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.