ഇന്ത്യയില്‍ അനധികൃതമായി താമസം ; ഡെറാഡൂണില്‍ മൂന്ന് വിദേശ വനിതകൾ അറസ്റ്റിൽ

deradoo

 ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവന്ന മൂന്ന് വിദേശ വനിതകളെ ഉത്തരാഖണ്ഡ് പൊലീസ് ഡെറാഡൂണില്‍ വെച്ച്‌ അറസ്റ്റ് ചെയ്തു. ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള രണ്ടുപേരും കിർഗിസ്ഥാനില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് വ്യാജ ആധാർ കാർഡുകള്‍, പാൻ കാർഡുകള്‍, വിദേശ കറൻസികള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കിർഗിസ്ഥാൻ സ്വദേശി എറിക്ക (29), 2023-ല്‍ ഒരു വർഷത്തെ വിസയില്‍ ഇന്ത്യയിലെത്തിയ ഇവർ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാതെ ഒളിവില്‍ കഴിയുകയായിരുന്നു. ഉസ്ബെക്കിസ്ഥാൻ സ്വദേശി കരീന (30), ഉസ്ബെക്കിസ്ഥാൻ സ്വദേശി നിഗോറ നീം (32) എന്നിവരാണ് പിടിയിലായത്. 

കരീനയും നിഗോറയും നേപ്പാള്‍ അതിർത്തി വഴി അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മൂന്ന് വർഷമായി ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. ഇതില്‍ ഒരാളെ മുൻപ് വ്യാജ രേഖകള്‍ കൈവശം വെച്ചതിന് ബീഹാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്.

ഡെറാഡൂണിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ താമസിച്ചിരുന്ന ഇവരെ റായ്പൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിസയോ മറ്റ് യാത്രാ രേഖകളോ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 3 ആധാർ കാർഡുകള്‍, 2 പാൻ കാർഡുകള്‍, 2 എസ്ബിഐ പാസ്ബുക്കുകള്‍, 7 മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.

Tags