ഐഐടി ബോംബെ വിദ്യാര്‍ഥിയുടെ ആത്മഹത്യ:മകന്‍ ജാതി വിവേചനം നേരിട്ടിരുന്നതായി കുടുംബം ; പ്രൊഫസര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
വെള്ളിയാഴ്ച പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് സാഹിലിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ഐഐടി ബോംബെയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സാഹില്‍ വാകോഡെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രൊഫസര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രഫസര്‍ സൂര്യനാരായണ ദൂല്ലക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് സാഹിലിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷാ ചോദ്യപേപ്പര്‍ ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്തതായും ഐഐടി ബോംബെ അറിയിച്ചു. സംഭവത്തില്‍ അച്ചടക്ക നടപടി ആരംഭിച്ചിരുന്നില്ലെന്നും അധ്യാപകരും വകുപ്പ് മേധാവിയും സാഹിലിനെ കൗണ്‍സില്‍ ചെയ്തിരുന്നെന്നും സ്ഥാപനം വ്യക്തമാക്കി.
അതേസമയം, സാഹില്‍ മൂന്ന് മാസമായി ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും ഇരയായിരുന്നുവെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയിലെ ആരോപണം. പരീക്ഷയ്ക്കിടെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ ഐഐടി ബോംബെ ജാതി വിവേചന ആരോപണം നിഷേധിച്ചു.
സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി.
.jpg)

