പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് പിടികൂടി; ഐഐടി ബോംബെ വിദ്യാര്‍ഥി ജീവനൊടുക്കി

IIT Bombay student commits suicide after being caught using mobile phone during exam

മുംബൈ: പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് പിടികൂടിയതിന് പിന്നാലെ ഐഐടി ബോംബെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജീവനൊടുക്കി. ആറുമാസത്തിനിടെ ഐഐടി പവായി ക്യാമ്പസില്‍ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി സയന്‍സ് ആന്റ് എന്‍ജിനിയീറിങ്ങിലെ വിദ്യാര്‍ഥിയായ സാഹില്‍ വക്കോഡെയാണ് മരിച്ചത്. പരീക്ഷാ വേളയില്‍ ഉത്തരം കണ്ടെത്തുന്നതിനായി വിദ്യാര്‍ഥി ചോദ്യപേപ്പര്‍ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥിക്കെതിരെ അച്ചടക്കനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

 ഈ വിഷയം ഇന്‍സ്ട്രക്ടറും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റും വിദ്യാര്‍ഥിയുമായി ചര്‍ച്ച നടത്തുകയും കൗണ്‍സലിങ് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പഠനത്തെയും കരിയറിനെയും പ്രതികൂലമായി ബാധിക്കില്ലെന്ന് വിദ്യാര്‍ഥിക്ക് ഉറപ്പുനല്‍കിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ഹോസ്റ്റലിലേക്ക് പോയ വിദ്യാര്‍ഥിയെ വൈകുന്നേരത്തോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നതായി ഐഐടി ബോംബെ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ പരിശോധിച്ച് വരികയാണെന്നും അറിയിച്ചു. 

സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രതിഷേധം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട യഥാര്‍ഥ സാഹചര്യങ്ങള്‍ അധികൃതര്‍ പൂര്‍ണമായി വെളിപ്പെടുത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. കോപ്പിയടിച്ചതായി ആരോപിക്കപ്പെട്ട സാഹില്‍ വക്കോഡെയെ ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മറ്റു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അച്ചടക്ക നടപടിയെ കുറിച്ചുള്ള ഭയവും സമ്മര്‍ദ്ദവുമാകാം വക്കോഡെയെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Tags