ധൈര്യമുണ്ടെങ്കില്‍ ആ ബുള്‍ഡോസറുകള്‍ എന്റെ ദേഹത്തുകൂടി ഓടിച്ചുകയറ്റൂ ; മമത ബാനര്‍ജി

mamata

'നിങ്ങളുടെ കൈവശം എത്ര ബുള്‍ഡോസറുകളുണ്ട്? അവയെല്ലാം കൊണ്ടുവരൂ,

ഡയമണ്ട് ഹാര്‍ബര്‍ എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിക്രമത്തിനും ഭീഷണികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരുമെന്ന് ആവര്‍ത്തിച്ച മമത, ബിജെപിയുടെ ബുള്‍ഡോസറുകള്‍ തനിക്കെതിരെ പ്രയോഗിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.

'നിങ്ങളുടെ കൈവശം എത്ര ബുള്‍ഡോസറുകളുണ്ട്? അവയെല്ലാം കൊണ്ടുവരൂ, ധൈര്യമുണ്ടെങ്കില്‍ ആ ബുള്‍ഡോസറുകള്‍ എന്റെ ദേഹത്തുകൂടി ഓടിച്ചുകയറ്റൂ, ഞാന്‍ ഇതാ ഇവിടെ തന്നെ നില്‍ക്കും,' മമത പറഞ്ഞു. സംസ്ഥാനത്ത് നിയമവാഴ്ചയില്ലാത്ത അന്തരീക്ഷണമാണ് നിലകൊള്ളുന്നതെന്നും മമത ആരോപിച്ചു.

അഭിഷേക് ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയിലേക്കുള്ള വഴിയില്‍ പൊലീസ് ഗതാഗതം തടയുകയും ബിഎന്‍സ് 163ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തതായി മമത ബാനര്‍ജി ആരോപിച്ചു. ഇതോടെ തന്റെ വീട്ടില്‍ നടക്കുന്ന വാര്‍ഷിക കാളിപൂജയുടെ ഒരുക്കങ്ങള്‍ തടസപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

'വീട്ടില്‍ പൂജ നടക്കുകയാണ്. നിരവധി ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. എന്നാല്‍ പൊലീസ് വഴിയില്‍ തടസം സൃഷ്ടിക്കുകയാണ്. വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നവരുടെ പ്രദേശമായ പടുവാപാരയാണിത്. ആളുകളെ അവരുടെ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് തടയുന്നത് എന്തിനാണ്?' മമത ചോദിച്ചു.
തന്റെ വസതിയിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന രീതിയില്‍ പ്രധാന റോഡില്‍ മറ്റൊരു കാളിപൂജ നടത്താന്‍ അനുമതി നല്‍കിയെന്നും ഇത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവര്‍ ആരോപിച്ചു. 'എന്റെ വസതിയുടെ പ്രവേശന കവാടത്തില്‍ ഇതുവരെ ഒരു പൂജയും നടത്തിയിട്ടില്ല. എല്ലായ്പ്പോഴും വീടിന്റെ പരിസരത്തിനുള്ളിലാണ് പൂജ നടക്കാറുള്ളത്,'' മമത പറഞ്ഞു. പ്രദേശത്തെ പൊതുപൂജകളും പഴക്കമുള്ള ക്ഷേത്രവും പതിറ്റാണ്ടുകളായി സമാധാനപരമായി നിലനിന്നിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags