ജനസംഖ്യാ നിയമം കൊണ്ടുവന്നില്ലെങ്കിൽ എല്ലാ ഹിന്ദു കുടുംബങ്ങളിലും ലൈസൻസ്ഡ് തോക്ക് വേണം; വിവാദ പ്രസ്താവനയുമായി ടി. രാജ സിങ്
ലഖ്നൗ: 'ഹം ദോ ഹമാരെ ദോ' എന്ന ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നില്ലെങ്കിൽ രാജ്യത്തെ എല്ലാ ഹിന്ദു കുടുംബങ്ങളിലും ലൈസൻസുള്ള തോക്ക് കൈവശം വയ്ക്കേണ്ടത് അനിവാര്യമാണെന്ന് തെലങ്കാനയിലെ ബിജെപി എംഎൽഎ ടി. രാജ സിങ്. കൈയിൽ തോക്കേന്തി ഒരു കൂട്ടം ആളുകൾക്കൊപ്പം സംസാരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഹിന്ദുക്കൾ തോക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ സ്വത്തുക്കളും സ്ത്രീകളും സുരക്ഷിതരായിരിക്കില്ലെന്നാണ് എംഎൽഎയുടെ വാദം. ഒരു പത്രവാർത്ത ചൂണ്ടിക്കാട്ടിയാണ് അടുത്ത 15-20 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ മൂന്നിരട്ടിയാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചത്. ഇത്തരം ജനസംഖ്യാ മാറ്റങ്ങൾ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണങ്ങൾക്കും മതപരിവർത്തനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും വഴിവയ്ക്കുമെന്നും രാജ സിങ് കൂട്ടിച്ചേർത്തു. രാജ്യത്തെ ഹിന്ദുക്കളുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഉത്തർപ്രദേശിലെ ഓരോ ഹിന്ദു വീട്ടിലും ലൈസൻസുള്ള തോക്കുകൾ ഉള്ളതുപോലെ രാജ്യമെമ്പാടുമുള്ള ഹിന്ദു കുടുംബങ്ങളും ആ മാതൃക പിന്തുടരണമെന്നും ആവശ്യപ്പെട്ടു.
എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. പ്രകോപനപരമായ പരാമർശം നടത്തിയിട്ടും തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. അതേസമയം, യാഥാർത്ഥ്യമാണ് അദ്ദേഹം പറഞ്ഞതെന്നും അതിന് എന്തിനാണ് നടപടിയെന്നും ചോദിച്ച് അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
.jpg)

