വിവാഹ ചടങ്ങിന് വരന്‍ നല്‍കിയ സാരി ഇഷ്ടപ്പെട്ടില്ല; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

marriage  bride

സാരി ഇഷ്ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഏറ്റുമുട്ടുകയും ചെയ്തു.

വിവാഹ ചടങ്ങിന് വരന്റെ വീട്ടുകാര്‍ നല്‍കിയ സാരി ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ രേവതി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സാരി ഇഷ്ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഏറ്റുമുട്ടുകയും ചെയ്തു.
ദലന്‍ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകള്‍ നികിയും മഹാദന്‍പൂര്‍ സ്വദേശി പവന്‍ ഗോണ്ടിന്റെ മകന്‍ വിശാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള മണ്ഡപത്തില്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വരന്റെ വീട്ടുകാര്‍ കൊണ്ടുവന്ന സാരി 'മോശമാണെന്ന്' പറഞ്ഞ് വധു എതിര്‍പ്പറിയിച്ചത്. ഈ സാരി ഉടുത്ത് വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് വധു വാശിപിടിച്ചതോടെ തര്‍ക്കമായി.

വാക്കുതര്‍ക്കം രൂക്ഷമായതോടെ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ വധുവിന്റെ സഹോദരന്‍ ജീത് നാഥ് ഗോണ്ട്, അമ്മ ഉംറാവതി ദേവി, അവരുടെ കൂട്ടുകാരി ലക്ഷ്മി ദേവി എന്നിവര്‍ക്ക് പരിക്കേറ്റു. ഇതോടെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാതെ വരനും സംഘവും മടങ്ങിപ്പോവുകയും ചെയ്തു.

സംഭവത്തില്‍ വധുവിന്റെ പിതാവ് അജയ് ഗോണ്ട് നല്‍കിയ പരാതിയില്‍ വരന്‍ വിശാല്‍, ബന്ധുക്കളായ പവന്‍, മനോജ്, ഹരേറാം എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി അറിയിച്ചു.

Tags