ഹൈദരാബാദ് വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞു; യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്
ഹൈദരാബാദ് :ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ കുറഞ്ഞ കാഴ്ചപരിധി കാരണം വിമാന സർവീസുകളെ ബാധിച്ചു. പ്രതികൂലമായ കാലാവസ്ഥയാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് യാത്രക്കാർക്കായി ഇൻഡിഗോ എയർലൈൻസ് പ്രത്യേക യാത്രാ നിർദേശം പുറപ്പെടുവിച്ചു.
വിമാനങ്ങൾ പുറപ്പെടുന്നതിലും എത്തുന്നതിലും കാലാവസ്ഥയുടെ സ്വാധീനം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രാസമയത്തിൽ മാറ്റമുണ്ടോ എന്നും ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അവസാന നിമിഷത്തെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദേശം.വിമാനയാത്രയ്ക്ക് തയ്യാറെടുക്കുന്നവർ എയർലൈൻ നൽകുന്ന സന്ദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങളും ശ്രദ്ധിക്കണം. യാത്രയ്ക്ക് ആവശ്യമായ രേഖകളും ടിക്കറ്റും നേരത്തെ തയ്യാറാക്കുന്നതും നല്ലതാണ്.
.jpg)

