ഭര്‍ത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസ് ; കുറ്റബോധമില്ലെന്ന് ഭാര്യ ; ക്രൂര മര്‍ദ്ദനവും പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് കാരണമെന്നും മൊഴി
ഏറ്റവും മാരകമായ വിഷമുള്ള പാമ്പിനെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞ ശേഷമാണ് പാമ്പുപിടുത്തക്കാരുടെ സഹായത്തോടെ ഇവര്‍ കുറ്റകൃത്യം നടപ്പിലാക്കിയത്.
മീററ്റില്‍ ഭര്‍ത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാല്‍ ക്രൂരമായ മര്‍ദ്ദനവും ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഭര്‍ത്താവ് അതുലിന്റെ മരണത്തില്‍ തനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞുവെന്ന നിര്‍ണായക വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പഴയൊരു പാമ്പുകടി കൊലപാതകക്കേസിനെക്കുറിച്ച് വായിച്ചറിഞ്ഞാണ് ദാമിനി ഈ കൊലപാതകം ആസൂത്രണം ചെയ്തത്. ഏറ്റവും മാരകമായ വിഷമുള്ള പാമ്പിനെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞ ശേഷമാണ് പാമ്പുപിടുത്തക്കാരുടെ സഹായത്തോടെ ഇവര്‍ കുറ്റകൃത്യം നടപ്പിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ദാമിനിയെ ശനിയാഴ്ച ജയിലിലേക്ക് അയച്ചു.
7 വര്‍ഷം മുന്‍പ് അതുലുമായി ദാമിനിയുടെ പ്രണയവിവാഹമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം അതുല്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയെന്നും 2022 ല്‍ ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതായും ദാമിനി പറയുന്നു. വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും വീട്ടുകാര്‍ ഒത്തുതീര്‍പ്പാക്കി. തുടര്‍ന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്ന വ്യാജേന ഇവര്‍ ഭര്‍ത്താവിനും മകന്‍ മണികിനുമൊപ്പം വാടകവീട്ടിലേക്ക് മാറി. ദാമിനി പ്രിന്‍സിപ്പലായ സ്‌കൂളില്‍ വാന്‍ ഡ്രൈവറായി ജോലിക്ക് വന്ന തുഷാര്‍ എന്നയാളുമായി ഇവര്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. അതുലിന്റെ കൊലപാതകത്തിന് ശേഷം തുഷാറും ഭാര്യയെ വിവാഹമോചനം ചെയ്ത് ഇരുവരും ഒന്നിച്ചു ജീവിക്കാനായിരുന്നു പ്ലാന്‍. അതുലിന്റെ പേരിലുള്ള 36 സെന്റ് ഭൂമിയും 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം.
ആകെ 5 ലക്ഷം രൂപയ്ക്കാണ് ഇടപാട് ഉറപ്പിച്ചത്. പാമ്പിനെ സ്‌കൂളിലെ പെട്ടിയിലാണ് ഒളിപ്പിച്ചത്. ജൂലൈ 16 ന് രാത്രി അതുലിന് ഭക്ഷണത്തിനൊപ്പം 12-15 ഉറക്കഗുളികകള്‍ നല്‍കി. ജൂലൈ 17 പുലര്‍ച്ചെ 5 മണിക്ക് തുഷാറും പാമ്പുപിടുത്തക്കാരും എത്തി ഉറങ്ങിക്കിടന്ന അതുലിന്റെ ബെഡിലെ ഷീറ്റിനടിയിലേക്ക് വിഷപ്പാമ്പിനെ തുറന്നുവിട്ടു. പാമ്പ് കടിച്ചതിന് ശേഷം അതുല്‍ ബോധരഹിതനായതോടെ ദാമിനി തനിയെ ബഹളം വെക്കുകയും പാമ്പ് കടിച്ചെന്ന് വീട്ടുകാരെ വിളിച്ചറിയിക്കുകയുമായിരുന്നു.
.jpg)

