മരിച്ചുപോയാളെ എങ്ങനെ കൊണ്ടുവരാനാ.. സഹോദരിയുടെ പണം പിൻവലിക്കാന്‍ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥിക്കൂടവുമായി ബാങ്കിലെത്തി സഹോദരന്‍

d

ഗോത്ര വിഭാഗത്തില്‍പ്പെട്ട പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ജിതുവിന്റെ കൈയില്‍ കാക്രയുടെ മരണ സർട്ടിഫിക്കറ്റോ അവകാശം തെളിയിക്കുന്ന രേഖകളോ ഉണ്ടായിരുന്നില്ല.

ഒഡിഷ: മരിച്ചുപോയ സഹോദരിയുടെ അസ്ഥിക്കൂടവുമായി ബാങ്കിലെത്തി വൃദ്ധൻ. ഒഡിഷയിലെ കീയോഞ്ചാല്‍ ജില്ലയിലാണ് സംഭവം.രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത്. സഹോദരിയുടെ ബാങ്ക് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്ന തുക പിൻവലിക്കാൻ എത്തിയ ജിതു മുണ്ടയ്ക്ക് പണം നല്‍കാൻ അധികൃതർ ഉപാധികള്‍ വച്ചതോടെയാണ് മറ്റ് മാർഗമില്ലാതെ അദ്ദേഹം അസ്ഥിക്കൂടവും ചുമന്നെത്തിയത്.

കാക്രയുടെ മകനും ഭർത്താവും മുമ്പേ തന്ന മരിച്ചിരുന്നു. ആകെ ഉണ്ടായിരുന്ന ബന്ധു സഹോദരനായ ജിതുവാണ്. സഹോദരിയുടെ പണം പിൻവലിക്കാൻ എത്തിയ വൃദ്ധനോട് ഒന്നുകില്‍ അക്കൗണ്ട് ഉടമ നേരിട്ട് വരണം അല്ലെങ്കില്‍ പണത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകള്‍ വേണമെന്ന് ബാങ്ക് മാനേജർ ആവശ്യപ്പെട്ടു.

ഗോത്ര വിഭാഗത്തില്‍പ്പെട്ട പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ജിതുവിന്റെ കൈയില്‍ കാക്രയുടെ മരണ സർട്ടിഫിക്കറ്റോ അവകാശം തെളിയിക്കുന്ന രേഖകളോ ഉണ്ടായിരുന്നില്ല. നിസഹായവസ്ഥയില്‍ എന്ത് ചെയ്യണമെന്ന് അറിയാതെയാണ് അദ്ദേഹം സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

അതേസമയം ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ പലരും പ്രതിഷേധിക്കുകയും ചെയ്തു. ബാങ്കിന് പ്രദേശത്തെ സർപഞ്ചുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ഫീല്‍ഡ് സന്ദർശനം നടത്തിയോ കാര്യങ്ങള്‍ ഗ്രഹിച്ച്‌ അദ്ദേഹത്തെ സഹായിക്കാമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ഒടുവില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് ബാങ്കില്‍ നിന്നും പ്രതികരണം തേടുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags