വീട് കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സെന്‍സസ് നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കും
സെന്‍സസ് 2027ല്‍ വീടുകള്‍ കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ നടക്കും. ജനുവരി 10 മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ സെന്‍സസ് നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കും. മണിപ്പൂരിലെ തിയതി പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസാണ് നടക്കുന്നത്. പേപ്പര്‍ ഫോമുകള്‍ക്ക് പകരം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയായിരിക്കും വിവരങ്ങള്‍ ശേഖരിക്കുക. ജനങ്ങള്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സ്വന്തം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരം ആദ്യമായി നല്‍കും. 1931-ന് ശേഷം ആദ്യമായി ജാതി അധിഷ്ഠിത കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള വിവര ശേഖരണം നടത്തും.
സെന്‍സസിന്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ വിവരശേഖരണം പൂര്‍ത്തിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും മഞ്ഞുവീഴ്ചയുള്ള ഇടങ്ങളിലും നടപടിക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയേക്കും. മണിപ്പൂരില്‍ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസ് ആണ് നടക്കുന്നത്. 2021ല്‍ നടക്കേണ്ട കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.
.jpg)

