രാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ യുപി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം

Home Ministry says Ram Janmabhoomi Teerth Kshetra Trust is not responsible to the Central Government or the UP Government

ലഖ്‌നൗ: ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിന് പിന്നാലെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനോ യുപി സര്‍ക്കാരിനോ ഉത്തരവാദിത്തമുള്ളതല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20 ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മീഷനെ ഈ വിവരം അറിയിച്ചിരുന്നു. തീരുമാനങ്ങള്‍ എല്ലാം തന്നെ ട്രസ്റ്റ് ആന്തരികമായി എടുക്കുന്നതാണെന്നും അതിനുള്ള അധികാരം അതിന്റെ സ്ഥിരം ട്രസ്റ്റികള്‍ക്ക് മാത്രമാണെന്നും കമ്മീഷനും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൻറെ നിലപാട് അറിഞ്ഞ ശേഷമായിരുന്നു ഈ വിശദീകരണം.

2024 ന്റെ തുടക്കത്തില്‍ നീരജ് ശര്‍മ ആര്‍ടിഐ പ്രകാരം കേന്ദ്ര സര്‍ക്കാരിനോട് രാമക്ഷേത്ര ട്രസ്റ്റ് അധികാരികളുടെ പേരുകള്‍ ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ അപ്പീല്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം വിലയിരുത്തിയ ശേഷം രാമക്ഷേത്ര ട്രസ്റ്റ് ഒരു പൊതു അധികാരകേന്ദ്രമാണോ അതോ സ്വയംഭരണ സ്ഥാപനമാണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയുടെ വിധി പ്രകാരം സ്ഥാപിതമായ ഒരു സ്വതന്ത്ര സംഘടനയാണെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ യാതൊരു സാമ്പത്തിക സഹായമോ ഭരണ നിയന്ത്രണമോ ആവശ്യപ്പെടുന്നില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. അതിനാല്‍ അതിന്റെ പ്രവര്‍ത്തനം ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
 

Tags