ഹിജാബ്, പൂണൂൽ എന്നിവ ധരിക്കുന്നതിലുള്ള നിയന്ത്രണം നീക്കി കർണാടക സർക്കാർ

hijab

 ബെംഗളൂരു : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥിനികൾക്കിനി ഹിജാബ് ധരിക്കാം. ഹിജാബ്, പൂണൂൽ എന്നിവ ധരിക്കുന്നതിലുള്ള നിയന്ത്രണം സർക്കാർ നീക്കി. യൂണിഫോമിനെ ബാധിക്കാത്ത രീതിയിൽ മതചിഹ്നങ്ങൾ അണിയാമെന്ന് സർക്കാർ ഉത്തരവിറക്കി. 2022ൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. 

നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങൾ ധരിക്കാൻ വിദ്യാർഥികൾക്ക് അനുവാദമുണ്ടാകുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. ഉഡുപ്പിയിലെ ഒരു സർക്കാർ കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ എബിവിപി പ്രവർത്തകർ തടഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. 

യൂണിഫോം നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി അഞ്ചിന് ബിജെപി സർക്കാർ ഉത്തരവിറക്കി. 2022 മാർച്ചിൽ കർണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Tags