രാജ്യം വിടണമെന്ന നോട്ടീസിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് ഹൈക്കോടതിയുടെ ഇടക്കാല ആശ്വാസം

High Court grants interim relief to Bollywood actor Imran Khan on notice to leave the country

മുംബൈ: രാജ്യം വിടണമെന്ന ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാന് ബോംബെ ഹൈക്കോടതിയുടെ താത്കാലിക ആശ്വാസം. ഹർജിയിൽ വാദം പൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന് ഇന്ത്യയിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. മുംബൈയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഉടൻ രാജ്യം വിടാനായിരുന്നു അദ്ദേഹത്തിന് നിർദേശം ലഭിച്ചിരുന്നത്. കേസ് നവംബർ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

ഒക്ടോബർ 10-ന് മുംബൈയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എഫ്.ആർ.ആർ.ഒ (FRRO) ഇമ്രാൻ ഖാന് 'ലീവ് ഇന്ത്യ' നോട്ടീസ് അയച്ചത്. പ്രതിഷേധ സ്ഥലത്തുനിന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്‌ട് ലംഘിച്ച് പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്ന് ആരോപിച്ചായിരുന്നു ഒക്ടോബർ 14-ലെ നോട്ടീസ്. തുടർന്ന് ഒക്ടോബർ 17-ന് അദ്ദേഹത്തിന്റെ ഒ.സി.ഐ (OCI) കാർഡ് റദ്ദാക്കുമെന്നും കാണിച്ച് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടെ പരാതിയുടെയും പൊലീസിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് നടന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.

രണ്ടാം വയസ്സ് മുതൽ ഇന്ത്യയിൽ ജീവിക്കുന്ന വ്യക്തിയാണെന്നും തനിക്കെതിരെ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നുമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഇമ്രാൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. എഫ്.ആർ.ആർ.ഒയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും നാടുകടത്തൽ നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

Tags