ഭീകരാക്രമണ സാധ്യത ; ഡൽഹിയിൽ അതീവ ജാഗ്രതാനിർദ്ദേശം

High alert in Delhi due to possibility of terrorist attack

ന്യൂഡൽഹി ; ഡൽഹിയിൽ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്  അതീവ ജാഗ്രത. ശനിയാഴ്ച മുതൽ നഗരത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഡൽഹി പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും നിരീക്ഷണം കർശനമാക്കി. 

ഡിഡിയു മാർഗിലെ ബിജെപി ആസ്ഥാനം ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ ഓഫിസുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. ഇവിടങ്ങളിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

ഓഫിസുകൾ, തിരക്കേറിയ ചന്തകൾ, ഗതാഗത കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ചാവേർ ആക്രമണങ്ങൾക്കോ വാഹനങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുള്ളസ്ഫോടനങ്ങൾക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ക്വിക്ക് റിയാക്ഷൻ ടീമുകൾ എന്നിവയോട് സദാ സജ്ജരായിരിക്കാൻ നിർദേശമുണ്ട്. സംശയാസ്പദമായ നീക്കങ്ങൾ, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുക്കൾ, പാർക്ക് ചെയ്ത വാഹനങ്ങൾ എന്നിവ നിരീക്ഷിക്കാൻ പ്രാദേശിക പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.
 

Tags