'ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ; രാത്രി മുഴുവൻ മൃതദേഹത്തിനരികെ മക്കളോടൊപ്പം കിടന്നുറങ്ങി
ഉറങ്ങിക്കിടന്ന മെഹ്‌രാജിന്റെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയിട്ട ശേഷം മൂവരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഉത്തർപ്രദേശിലെ അംറോഹ ജില്ലയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് തൊട്ടടുത്ത് മക്കളോടൊപ്പം കിടന്നുറങ്ങിയ യുവതി, പിറ്റേന്ന് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു.
കേസില്‍ ഉത്തർപ്രദേശിലെ അംറോഹ സ്വദേശിനിയായ റൂഹി, കാമുകൻ ഫർമാൻ, ഇയാളുടെ സുഹൃത്ത് അദ്‌നാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനായ ഫർമാനുമായി റൂഹിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെങ്കിലും മെഹ്‌രാജ് ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതോടെയാണ് ഭർത്താവിനെ ഒഴിവാക്കാൻ റൂഹി പദ്ധതിയിട്ടത്.
തിങ്കളാഴ്ച രാത്രി മെഹ്‌രാജിന് നല്‍കിയ ഭക്ഷണത്തില്‍ റൂഹി രഹസ്യമായി ഉറക്കഗുളിക കലർത്തി. തുടർന്ന് രാത്രിയില്‍ ഫർമാനെയും സുഹൃത്ത് അദ്‌നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഉറങ്ങിക്കിടന്ന മെഹ്‌രാജിന്റെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയിട്ട ശേഷം മൂവരും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മെഹ്‌രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോള്‍, കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ മെഹ്‌രാജ് വരാന്തയില്‍ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു.
പിടിക്കപ്പെടുമെന്ന് ഭയന്ന റൂഹി, മോഷണശ്രമത്തിനിടെ തന്നെ മർദിച്ചവശയാക്കിയ ശേഷം ആരോ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന കള്ളക്കഥ മെനഞ്ഞു. എന്നാല്‍ മകന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് പോലീസിനെ വിവരമറിയിച്ചു. പോലീസ് റൂഹിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
.jpg)


