ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

flood

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലയായ വല്‍സദിനെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

ഗുജറാത്തിലെ വല്‍സദില്‍ അന്‍പതോളം കാറുകള്‍ വെള്ളക്കെട്ടില്‍ മുങ്ങിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍, താഴത്തെ പാര്‍ക്കിംഗ് ഏരിയ പൂര്‍ണമായും വെള്ളത്തിനടിയിലായതായി കാണാം. കാറുകളുടെ വിന്‍ഡോ വരെ വെള്ളം ഉയര്‍ന്നിരിക്കുന്നു. കെട്ടിടത്തിന് പുറത്തുള്ള പരിസര പ്രദേശങ്ങളും പൂര്‍ണമായി വെള്ളത്തിനടിയിലാണ്.

ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലയായ വല്‍സദിനെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. വല്‍സദിലെ ഉംബര്‍ഗാവ് താലൂക്കില്‍ വ്യാഴാഴ്ച രാവിലെ വരെയുള്ള 16 മണിക്കൂറിനുള്ളില്‍ 1100 മില്ലീമീറ്റര്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ഉംബര്‍ഗാവിന് പുറമെ വല്‍സദിലെ മറ്റ് പല താലൂക്കുകളിലും ഈ സമയപരിധിക്കുള്ളില്‍ 600 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി.

മഴ ശക്തമായതോടെ പ്രദേശത്തെ ഔരംഗ, പാര്‍, ദമന്‍ ഗംഗ എന്നീ നദികള്‍ കരകവിഞ്ഞൊഴുകുകയും വല്‍സദില്‍ വലിയ രീതിയിലുള്ള വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. സൂറത്ത് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ടായിരത്തിലേറെ ആളുകളെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തെക്കന്‍ ഗുജറാത്തിലെ വല്‍സാദ്, നവ്‌സാരി, ഡാങ്‌സ്, സൂറത്ത്, താപി എന്നീ ജില്ലകളില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ സേനയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags