ഉത്തർപ്രദേശിൽ കനത്ത പേമാരിയും കാറ്റും: മരണസംഖ്യ 89 ആയി

Change in rain warning; Yellow alert in nine districts

ലഖ്നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 89 ആയി. മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണും വീടുകൾ തകർന്നുമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്. 53 പേർക്ക് പരിക്കേറ്റതായും 114 കന്നുകാലികൾ ചത്തതായും റിലീഫ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

ഭദോഹിയിൽ 16 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. വൈദ്യുത ബന്ധം പൂർണ്ണമായും തകരാറിലായി. മിർസാപൂരിൽ 14 പേർ മരിച്ചു. ഗൗര പർമാൻപൂർ റോഡിലെ പോണ്ടൂൺ പാലം തകർന്നതോടെ 20 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.ഫത്തേപൂരിൽ ഒമ്പത് മരണങ്ങളും 16 പേർക്ക് പരിക്കേറ്റതായും എഡിഎം അറിയിച്ചു. ഖാഗ തഹസീലിലാണ് കൂടുതൽ പേർ മരിച്ചത്.ബറേലി (4), പ്രതാപ്ഗഡ് (4), കാൺപൂർ ദേഹത് (2), ദോറിയ (2), സോൻഭദ്ര (1) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണക്കണക്കുകൾ.

കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ റവന്യൂ-കാർഷിക വകുപ്പുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നിർദ്ദേശം നൽകി. ലഖ്നൗവിലെ കൺട്രോൾ റൂം വഴി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് റിലീഫ് കമ്മീഷണർ ഡോ. ഹൃഷികേശ് ഭാസ്‌കർ യശോദ അറിയിച്ചു.

മിന്നലേറ്റും മരം വീണും തകിട് ഷീറ്റുകൾ പറന്നു വന്നുമേറ്റ പരിക്കുകൾ കാരണം ചികിത്സയിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ജാഗ്രത പാലിക്കാൻ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു.

Tags