ഉത്തരേന്ത്യയില്‍ കനത്ത മഴയും പ്രളയവും: വിവിധ സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടം

flood

ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി അനുവദിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. അസം, ഛത്തീസ്ഗഡ്, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനജീവിതം പൂര്‍ണ്ണമായും ദുസ്സഹമായി. ദുരന്തബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് 2,117.85 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി അനുവദിച്ചു.


കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ അമ്പതോളം വീടുകളാണ് ഛത്തീസ്ഗഡില്‍ തകര്‍ന്നത്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു. പ്രളയഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അസമിലും സ്ഥിതി രൂക്ഷമാണ്. പ്രളയത്തിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 82 ആയി ഉയര്‍ന്നു. ലക്ഷക്കണക്കിന് ആളുകളാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷയില്‍ 20 ജില്ലകളിലായി എട്ടു ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ഹിമാചല്‍ പ്രദേശില്‍ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ജമ്മു കശ്മീരില്‍ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു. ഇതോടെ നദീതീരങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Tags