തമിഴ്‌നാട്ടിൽ നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത


ചെന്നൈ: തമിഴ്‌നാട്ടിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. നാല് ദിവസം കനത്ത മഴ പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ഇതേ തുടർന്ന് കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിലും ഭൂമധ്യരേഖയോട് ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഉയർന്ന തലത്തിലുള്ള അന്തരീക്ഷ ചംക്രമണം നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തീരദേശ ജില്ലകളിലും ഉൾപ്രദേശങ്ങളിലും ചില സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
വിരുദുനഗർ, ശിവഗംഗ, മയിലാടുതുറൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം ജില്ലകളിലും കാരക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.