ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ മേഖലകളിലും കനത്ത മഴ ; 118 റോഡുകൾ അടച്ചു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും കനത്ത മഴ തുടരുന്നു. മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഉത്തർപ്രദേശിലും കനത്ത മഴ തുടരുന്നതിനാൽ സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഉത്തരാഖണ്ഡിൽ മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണടിച്ചിലിലും ദേശീയ-സംസ്ഥാന പാതകൾ ഉൾപ്പെടെ 118 റോഡുകൾ അടച്ചു. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി പാതകളിലെ ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.
അതിശക്തമായ മഴയെത്തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിലെ ഉനാകോട്ടി, ധലൈ, ഖോവായ് ജില്ലകളിൽ പ്രളയം രൂക്ഷമാണ്. ഇതിനകം 11,000-ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാലായിരത്തിലധികം വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർക്കും തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.
.jpg)

