ചൂട് കനക്കുന്നു; ഒഡീഷയിൽ സ്കൂളുകൾക്ക് വേനലവധി നേരത്തെയാക്കി
ഭുവനേശ്വർ: ഒഡീഷയിൽ ഉഷ്ണതരംഗം. താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. സ്കൂളുകൾക്ക് വേനലവധി നേരത്തെയാക്കി. ഇന്ന് മുതൽ സ്കൂളുകൾക്ക് വേനൽക്കാല അവധി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രഖ്യാപിച്ചു.
കഠിനമായ ചൂട് പരിഗണിച്ച് സ്കൂൾ, മാസ് എഡ്യൂക്കേഷൻ വകുപ്പിന്റെ ശുപാർശ പ്രകാരമാണ് തീരുമാനം. സാധാരണയായി മെയ് 6ന് ആരംഭിക്കേണ്ട അവധിയാണ് ചൂട് വർദ്ധിച്ച സാഹചര്യത്തിൽ നേരത്തെയാക്കിയത്. ജൂൺ 17 വരെയാണ് അവധിക്കാലം.
അവധി പ്രഖ്യാപിച്ചെങ്കിലും പരീക്ഷകൾ, സെൻസസ് ജോലികൾ, മറ്റ് ഔദ്യോഗിക പ്രവർത്തനങ്ങൾ എന്നിവ നിശ്ചയിച്ചതുപോലെ തന്നെ നടക്കും. സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമാണ്. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അനിഷ്ട സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അവധിക്കാലത്ത് പഠനം തടസ്സപ്പെടാതിരിക്കാൻ 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഒഡീഷ സ്കൂൾ വിദ്യാഭ്യാസ പരിപാടി അതോറിറ്റി (ഒഎസ്ഇപിഎ) പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രാക്ടീസ് വർക്കുകളും ഓഡിയോ വിഷ്വൽ ഉള്ളടക്കങ്ങളും ഈ പദ്ധതിയിലൂടെ നൽകും.
സ്കൂൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഈ ഡിജിറ്റൽ പാഠഭാഗങ്ങൾ രക്ഷിതാക്കളുമായി പങ്കുവെക്കും. ഇതിനായി എല്ലാ സർക്കാർ സ്കൂളുകളിലും ഓരോ ക്ലാസിനും പ്രത്യേകമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)

