'ചൂടാക്കിയ ഇരുമ്പ് വസ്തുക്കള്‍ കൊണ്ട് ശരീരത്തില്‍ പൊള്ളിക്കും', ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍

d

ഇരുമ്പ് വടി ഉപയോഗിച്ച്‌ മർദിക്കുക, ചൂടാക്കിയ ഇരുമ്പ് വസ്തുക്കള്‍ കൊണ്ട് ശരീരത്തില്‍ പൊള്ളിക്കുക, സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുക തുടങ്ങിയ ക്രൂരതകളാണ് കുട്ടികള്‍ക്ക് നേരെയുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

ഹൈദരാബാദ്:  തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ അഞ്ചും രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഹുസൂർനഗർ സ്വദേശിയായ 43-കാരനായ ട്രക്ക് ഡ്രൈവർ നകിരികാന്തി രവിയെയും ഭാര്യ ഇന്ദുവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഇരുമ്പ് വടി ഉപയോഗിച്ച്‌ മർദിക്കുക, ചൂടാക്കിയ ഇരുമ്പ് വസ്തുക്കള്‍ കൊണ്ട് ശരീരത്തില്‍ പൊള്ളിക്കുക, സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുക തുടങ്ങിയ ക്രൂരതകളാണ് കുട്ടികള്‍ക്ക് നേരെയുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടികളുടെ ശരീരമാകെ പൊള്ളലിന്റെയും മർദനത്തിന്റെയും പാടുകള്‍ കണ്ടെത്തി. രണ്ട് വയസ്സുകാരന്റെ ഇടത് കൈമുട്ടിന് ഒടിവും സംഭവിച്ചതായി ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചു.

കുട്ടികളുടെ നിലവിളി പതിവായി കേട്ടതും ശരീരത്തിലെ ഗുരുതര മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതുമാണ് അയല്‍വാസികളില്‍ സംശയമുണർത്തിയത്. തുടർന്ന് അവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ രവി ഏകദേശം പത്ത് വർഷം മുമ്പ് ആദ്യ ഭാര്യയുമായി വേർപിരിഞ്ഞതായും, നാല് വർഷം മുമ്പാണ് വിവാഹമോചിതയായ ഇന്ദുവിനെ വിവാഹം ചെയ്തതെന്നും കണ്ടെത്തി. അഞ്ച് വയസ്സുകാരൻ ഇന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകനും, രണ്ട് വയസ്സുകാരൻ ഇരുവർക്കും ജനിച്ച കുട്ടിയുമാണ്.

ചോദ്യം ചെയ്യലില്‍, കുട്ടികള്‍ തങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് തടസ്സമാണെന്ന് കരുതിയിരുന്നുവെന്നും, അതിന്റെ നിരാശയാണ് മർദനമായി പുറത്തുവന്നതെന്നും പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത യിലെ അനുബന്ധ വകുപ്പുകള്‍ക്കും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചികിത്സയ്ക്ക് ശേഷം ഇരുകുട്ടികളെയും സൂര്യപേട്ടിലെ സർക്കാർ നിയന്ത്രണത്തിലുള്ള ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Tags