ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലെ ലോക്കറിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ് : ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ


ന്യൂഡൽഹി: ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലെ ലോക്കറിൽനിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവുമാണ് മോഷണംപോയത്. ഒരാഴ്ചമുമ്പുവരെ ഈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് പ്രതി മോഷ്ടിച്ചത്.
tRootC1469263">വൻ സുരക്ഷാ വിന്യാസങ്ങൾ ഭേദിച്ചാണ് പ്രതി മോഷണം നടത്തിയത് എന്ന് ഡൽഹി പോലീസ് പറഞ്ഞു. ഡൽഹിയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഓഫീസുകളിൽ ഒന്നാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഓഫീസ്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവുമാണ് ലോധി റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ സ്റ്റോറേജിൽ സൂക്ഷിച്ചിരുന്നത്.

തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖുർഷിദ്. ഒരാഴ്ച മുമ്പാണ് ഖുർഷിദിനെ ഇവിടെനിന്നും ഈസ്റ്റ് ഡൽഹി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. പിന്നാലെയാണ് ഇയാൾ മോഷണം നടത്തിയത്. മുമ്പ് ഇവിടെ ജോലിചെയ്തിരുന്ന ആളായിരുന്നതുകൊണ്ട് തന്നെ ഖുർഷിദ് ഇവിടെ എത്തിയതോ സ്‌റ്റോറേജിനുള്ളിലേക്ക് കടന്നതോ ആരും സംശയാസ്പദമായി കണ്ടില്ല.
സ്‌റ്റോറേജിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇയാൾക്കറിയാമായിരുന്നു. സിസിടിവി ക്യാമറകൾ മുതൽ എവിടെയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് ഇയാൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്‌റ്റോറേജിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെക്കുറിച്ച് ഇയാൾക്ക് കൃത്യമായ കണക്കുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ മോഷണം നടത്താൻ ഖുർഷിദിന് കഴിഞ്ഞു എന്നാണ് പോലീസിന്റെ നിഗമനം.
ഒറ്റ തവണ നടത്തിയ മോഷണത്തിലൂടെതന്നെ ഇത്രയധികം രൂപയും സ്വർണവും നടത്താൻ ഖുർഷിദിന് കഴിഞ്ഞതും അയാൾക്ക് ഈ സ്ഥലത്തെക്കുറിച്ചുണ്ടായിരുന്ന വ്യക്തമായ ധാരണയാണ്. ഖുർഷിദിനെ ഓഫീസിൽ കണ്ടപ്പോൾ, ഇയാളെ വീണ്ടും ഇവിടെ ജോലിക്ക് നിയോഗിച്ചു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കരുതിയത്. അതുകൊണ്ടുതന്നെ ഇയാൾ സ്‌റ്റോറേജിന്റെ അകത്ത് കടന്നപ്പോഴോ തിരിച്ച് ഇറങ്ങിയപ്പോഴോ പരിശോധന നടത്തിയിരുന്നില്ല.