ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാന്‍ അനുവദിക്കില്ല ; സിജെപിയ്‌ക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍

nitin nabin

വന്‍ സാമ്പത്തിക ശേഷിയുള്ളവരും അധികാരക്കൊതിയന്മാരുമായ ചില ഉന്നതര്‍ 'ജെന്‍-സീ' എന്ന ലേബല്‍ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം വിതയ്ക്കാന്‍ ആസൂത്രിത പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെ ജന്തര്‍ മന്തറില്‍ നടന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. വന്‍ സാമ്പത്തിക ശേഷിയുള്ളവരും അധികാരക്കൊതിയന്മാരുമായ ചില ഉന്നതര്‍ 'ജെന്‍-സീ' എന്ന ലേബല്‍ ഉപയോഗിച്ച് രാജ്യത്ത് അരാജകത്വം വിതയ്ക്കാന്‍ ആസൂത്രിത പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന, യുഎസില്‍ നിന്ന് തിരിച്ചെത്തിയ അഭിജീത് ദിപ്‌കെ (30) ആണ് ജന്തര്‍ മന്തറിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചില ആളുകള്‍ വിദേശത്തിരുന്ന് കൊണ്ട് ഇന്ത്യയിലെ യുവാക്കള്‍ക്ക് ദിശാബോധം നല്‍കാന്‍ കഴിയുമെന്ന് വിചാരിക്കുന്നുണ്ടെന്ന് നിതിന്‍ നബിന്‍ പരിഹസിച്ചു. ചുരുക്കം ചില ആളുകളുടെ കൈയിലെ പാവകളായി മാറാന്‍ ഇന്ത്യന്‍ യുവത്വം തയ്യാറല്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

Tags