രോഗം മാറാനുള്ള പൂജക്കായി സ്വന്തം സഹോദരിമാരെ കൊലപ്പെടുത്തി;യുവാവ് അറസ്റ്റില്‍

murder

സ്വന്തം അസുഖങ്ങള്‍ ഭേദമാകുമെന്ന തെറ്റായ വിശ്വാസത്തിലാണ് 45കാരനായ പ്രതി രണ്ട് സഹോദരിമാരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

 

റാഞ്ചി:  ജാർഖണ്ഡില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ സ്വന്തം സഹോദരിമാരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.സ്വന്തം അസുഖങ്ങള്‍ ഭേദമാകുമെന്ന തെറ്റായ വിശ്വാസത്തിലാണ് 45കാരനായ പ്രതി രണ്ട് സഹോദരിമാരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

ഈസ്റ്റ് സിങ്ഭും ജില്ലയിലെ ധാല്‍ഭുംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബെയ്ഡ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.തന്റെ അസുഖങ്ങള്‍ മാറാൻ പ്രത്യേക പൂജയും മന്ത്രവാദവും നടത്തണമെന്ന് വിശ്വസിച്ച പ്രതി, ഇതിനായി തന്റെ രണ്ട് സഹോദരിമാരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

തുടർന്ന് ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം വീട് പൂട്ടിയിട്ട് ഏകദേശം 15 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തി ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നു.

രണ്ട് സഹോദരിമാർ പ്രതിയെ പരിചരിക്കാനും അസുഖം ഭേദമാക്കാൻ സഹായിക്കുന്ന പൂജയില്‍ പങ്കുചേരാനുമാണ് അവിടെയെത്തിയത്. പ്രതി അന്ധവിശ്വാസത്തിന്റെ പുറത്താണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ധീരജ് കുമാർ മിശ്ര സ്ഥിരീകരിച്ചു.

പ്രതിയുടെ വീട്ടില്‍ നിന്ന് നിരവധി മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, നാടൻ വൈദ്യന്മാരുടെയും മന്ത്രവാദികളുടെയും ചികിത്സയിലായിരുന്നു ഇയാള്‍ എന്നും പൊലീസ് വ്യക്തമാക്കുന്നു.

Tags