'മകനെ കാലുകളില്‍ പിടിച്ച്‌ തലകീഴായി കെട്ടിതൂക്കി'; മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു

murder

കൊലപാതകത്തിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിനരികെ ഇരുന്ന യുവതി, പിന്നീട് ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഭോപ്പാൽ. മകനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഭാര്യയുടെ അടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഛത്തർപൂരിലാണ് സംഭവം .സംഭവത്തില്‍ ഭാര്യ നീലം കുശ്വാഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിനരികെ ഇരുന്ന യുവതി, പിന്നീട് ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കഴിഞ്ഞ നാല് വർഷമായി ദീൻദയാലുമായി പിരിഞ്ഞ് സ്വന്തം കുടുംബവീട്ടിലായിരുന്നു നീലം താമസിച്ചിരുന്നത്. ജൂണ്‍ ഒന്നിന് രാത്രിയോടെ മദ്യപിച്ചെത്തിയ ദീൻദയാല്‍ വീടിന്റെ വാതില്‍ ബലമായി തുറന്ന് അകത്തുകയറുകയും തങ്ങളുടെ മകനെ കാലുകളില്‍ പിടിച്ച്‌ തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു.

കുട്ടിയെ ഭർത്താവ് അപായപ്പെടുത്തുമെന്ന ഭയത്താല്‍ പ്രകോപിതയായ നീലം, സമീപത്തുണ്ടായിരുന്ന വടിയെടുത്ത് ദീൻദയാലിനെ അടിക്കുകയായിരുന്നു. ആദ്യ അടിയേറ്റയുടൻ ഇയാള്‍ കട്ടിലിലേക്ക് വീണെങ്കിലും നീലം അടിക്കുന്നത് തുടർന്നു.

ഗുരുതരമായി പരിക്കേറ്റ ദീൻദയാല്‍ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. താൻ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വിവരം ഇവർ സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിലെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ ദീൻദയാലിന്റെ മൃതദേഹം കണ്ടെടുത്തു.

Tags