റീലെടുക്കാന്‍ കൂറ്റന്‍ വാട്ടര്‍ടാങ്കില്‍ കയറി ; ഒരു കുട്ടിയ്ക്ക് ദാരുണാന്ത്യം ; രണ്ടുപേരെ വ്യോമസേന രക്ഷിച്ചു
കാശിറാം ആവാസ് കോളനിയില്‍ സ്ഥിതിചെയ്യുന്ന 60 അടി ഉയരമുള്ള വാട്ടര്‍ടാങ്കിന് മുകളിലാണ് കുട്ടികള്‍ കയറിയത്.
റീല്‍ ചിത്രീകരിക്കാന്‍ കൂറ്റന്‍ വാട്ടര്‍ടാങ്കിന് മുകളില്‍ കയറി അഞ്ച് കുട്ടികള്‍, ഗോവണി തകര്‍ന്ന് താഴേക്ക് വീണ മൂന്നുപേരില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം, ടാങ്കിന് മുകളില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയത് ഇന്ത്യന്‍ വ്യോമസേന. ഉത്തര്‍ പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ആണ് 16 മണിക്കൂറോളം മുള്‍മുനയില്‍ നിന്നത്. കാശിറാം ആവാസ് കോളനിയില്‍ സ്ഥിതിചെയ്യുന്ന 60 അടി ഉയരമുള്ള വാട്ടര്‍ടാങ്കിന് മുകളിലാണ് കുട്ടികള്‍ കയറിയത്.
ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ആണ് അഞ്ച് കുട്ടികള്‍ ചേര്‍ന്ന് റീല്‍ ചിത്രീകരിക്കാനായി വര്‍ഷങ്ങള്‍ പഴക്കമുള്ള വാട്ടര്‍ടാങ്കിന് മുകളില്‍ കയറിയത്. ഓരോരുത്തരായി തിരിച്ചിറങ്ങുന്നതിനിടെ ടാങ്കിന്റെ ഗോവണി തകര്‍ന്ന് മൂന്നുപേര്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ മരണപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗോവണിയുടെ കമ്പിയില്‍ തൂങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ തിരിച്ചു മുകളിലേക്ക് കയറുകയും കുടുങ്ങുകയായിരുന്നു.
ടാങ്കിന് മുകളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താനായി ഹൈഡ്രോളിക് ക്രെയിന്‍ വിളിച്ചെങ്കിലും ചതുപ്പ് നിറഞ്ഞ സ്ഥലത്തേക്ക് എത്തുക ദുഷ്‌കരമായി. പിന്നീട്, ക്രെയിന് എത്താനായി 150 മീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. അര്‍ധരാത്രിയോടെ 120 മീറ്റര്‍ നീളത്തില്‍ റോഡ് പണിതെങ്കിലും പുലര്‍ച്ചെ മൂന്നുമണിയോടെ ശക്തമായ മഴ പെയ്തത് നിര്‍മാണപ്രവൃത്തിയെ ബാധിച്ചു. സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ 5:20 ഓടെ വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്ടര്‍ ഉപയോഗിച്ച് രണ്ടു കുട്ടികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്ത്യന്‍ എയര്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
.jpg)

