കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു ; അധ്യാപികയെ സസ്‌പെൻഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്

Haryana Education Department suspends teacher for participating in Cockroach Janata Party protest

 ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയെ സസ്‌പെൻഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത റോഹ്തക്ക് സർക്കാർ സ്‌കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷൻ ഓഫീസർ ജൂൺ 10നാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ജൂൺ 8 മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവിൽ പരാമർശിക്കുന്നുമില്ല.

ജൂൺ ആറിന് നടന്ന പ്രതിഷേധത്തിൽ സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താൻ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. നീറ്റ് അടക്കമുള്ള പരീക്ഷാ നടത്തിപ്പിൽ വന്ന വീഴ്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടാണ് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കേയുടെ ആഹ്വാനത്തെ തുടർന്ന് ജന്തർ മന്ദിറിൽ പ്രതിഷേധം നടന്നത്. 

Tags