ഇനിയും ജീവിക്കും...! ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹരീഷിന്റെ ഹ്യദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹരീഷ് റാണയുടെ സംസ്‌കാരം നടന്നത്. ഡൽഹി ഗ്രീൻ പാർക്ക് ശ്മാനത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഇന്നലെയാണ് കോമയിൽ കഴിയുന്ന 31 കാരനായ യു പി ഗാസിയബാദ് സ്വദേശി ഹരീഷ് റാണ മരണത്തിന് കീഴടങ്ങിയത്. ഡൽഹി എയിംസിലായിരുന്നു മരണം. 32കാരനായ ഹരീഷിന്റെ ചികിത്സകളെല്ലാം പിൻവലിക്കാൻ ഇക്കഴിഞ്ഞ മാർച്ച് 11ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ജീവൻ നിലനിർത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒഴിവാക്കി സ്വാഭാവിക മരണത്തിനുള്ള അവസരമാണ് ഹരീഷ് റാണയ്ക്ക് നൽകിയത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ അധികൃതർ റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു. കൃത്രിമമായി ജീവൻ നിൽക്കാൻ സഹായകമാകുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയുള്ള മെഡിക്കൽ പ്രക്രിയകളാണ് ഇവിടെ ഡോക്ടർമാർ നടപ്പാക്കിയത്.
2013 ഓഗസ്റ്റിൽ പഞ്ചാബ് സർവകലാശാലയിൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ, താമസിച്ചിരുന്ന വാടക കെട്ടിടത്തിൽനിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്നു മുതൽ കിടപ്പിലായിരുന്നു. ശരീരം അനക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു ഹരീഷ് . അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം തന്നെയാണ് ഹരീഷിനെ പരിപാലിച്ചിരുന്നത്. എന്നാൽ, സാമ്പത്തിക പരാധീനതയും മകൻ അനുഭവിക്കുന്ന ദൈന്യതയുമാണ് ദയാമരണം തേടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.
രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കിൽ മാത്രം ദയാവധം പരിഗണിക്കാം. ദയാവധത്തിന് മുൻപ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. ദയാവധം നിയമപരമാക്കാനായി കേന്ദ്ര സർക്കാർ നിയമം നിർമ്മിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ദയാവധത്തിന് അനുമതി നൽകിയ 2018ലെ കോമൺ കോസ് വിധിന്യായം പരിഷ്‌കരിച്ചാണ് സുപ്രീംകോടതിയുടെ വിധി. 13 വർഷമായി ജീവച്ഛവമായി കഴിയുന്ന യുപി ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ വൈദ്യസഹായം പിൻവലിക്കാം. സ്‌നേഹവും ജീവിതവും നൽകുന്ന കുടുംബത്തിന് അനുയോജ്യമായ വിധിയല്ല ഇതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ അനുമതി. ഹരീഷ് റാണയെ കുടുംബം വേണ്ടെന്ന് വയ്ക്കുകയല്ല, അന്തസോടെ മരിക്കാൻ അനുവദിക്കുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ 2024-ൽ സുപ്രീംകോടതി തള്ളിയിരുന്നു. ഹരീഷ് വെന്റിലേറ്ററിലോ ഏതെങ്കിലും ജീവൻരക്ഷാ സഹായിയുടേയോ പിൻബലത്തിലല്ല കഴിയുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
.jpg)


