'സ്ത്രീധനത്തിന്റെ പേരില്‍ പീഡനം'; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വിവാഹസമയത്ത് തങ്ങള്‍ 7 ലക്ഷം രൂപയും മറ്റ് നിരവധി വീട്ടുപകരണങ്ങളും 'സമ്മാനമായി' നല്‍കിയിരുന്നതായി മന്‍സിയുടെ കുടുംബം അവകാശപ്പെട്ടു.
ലക്കനൗ: ഉത്തര്‍പ്രദേശില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ മന്‍സി ഭര്‍തൃവീട്ടില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ടിരുന്നതായും മതിയായ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വിവാഹസമയത്ത് തങ്ങള്‍ 7 ലക്ഷം രൂപയും മറ്റ് നിരവധി വീട്ടുപകരണങ്ങളും 'സമ്മാനമായി' നല്‍കിയിരുന്നതായി മന്‍സിയുടെ കുടുംബം അവകാശപ്പെട്ടു. എന്നാല്‍ രജ്പുതിന്റെ കുടുംബം ഇതില്‍ തൃപ്തരായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കാര്‍ വേണമെന്ന ആവശ്യത്തെച്ചൊല്ലി ഭര്‍ത്താവ് സാഗര്‍ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മന്‍സിയെ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നും മന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.
കാന്‍പൂര്‍ സ്വദേശിയായ മന്‍സിയും രജ്പുതും തമ്മിലുള്ള വിവാഹം 2024ലായിരുന്നു. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രജ്പുതിന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ രജ്പുതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡന മരണത്തിന് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രജ്പുത് നിലവില്‍ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
.jpg)

