ഹൽദ്വാനി കുടിയൊഴിപ്പിക്കൽ : ആദ്യം പുനരധിവാസ നടപടി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

supreme court

 ന്യൂഡൽഹി: ഹൽദ്വാനിയിൽനിന്ന് കുടിയൊഴിപ്പിക്കുന്നവർക്കായി ക്യാമ്പ് സംഘടിപ്പിച്ച് പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ പുനരധിവസിപ്പിക്കാൻ കഴിയുമോയെന്ന് ആലോചിക്കണമെന്ന് ഉത്തരാഖണ്ഡ് ലീഗൽ സർവിസ് അതോറിറ്റിക്ക് സുപ്രീംകോടതിയുടെ നിർദേശം. റമദാനുശേഷം ക്യാമ്പ് നടത്തണമെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച കോടതി മാർച്ച് 15നുശേഷം ക്യാമ്പ് നടത്താൻ നിർദേശം നൽകി. ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നൈനിറ്റാൾ ജില്ല കലക്‌ടർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 31ന് മുമ്പ് നടപടി പൂർത്തിയാക്കണം.

tRootC1469263">

മാനുഷികമായ പരിഗണന കണക്കിലെടുക്കണമെന്നും ബദൽ പാർപ്പിട സൗകര്യങ്ങൾ ഏർപ്പെടുത്തി പുനരധിവാസ നടപടികൾ എടുക്കാതെ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്നുമാണ് കോടതി വ്യക്തമാക്കിയത്.ജംഇയ്യതുൽ ഉലമായെ ഹിന്ദ് ആണ് 2023ൽ ഹരജി സമർപ്പിച്ചത്. തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഏപ്രിലിൽ ഇനി ഈ വിഷയം പരിഗണിക്കുന്നതുവരെ വീടുകൾ ഇടിച്ചു തകർക്കുന്ന നടപടി ഉണ്ടാകാൻ പാടില്ലെന്നും കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. കോടതി ഇടപെടൽ വലിയ ആശ്വാസമാണെന്നും നീതി ലഭിക്കുന്നതിലേക്കുള്ള ചുവടുവെപ്പാണെന്നും ജംഇയ്യതുൽ ഉലമായെ ഹിന്ദ് പ്രസിഡൻറ് മൗലാന മഹ്മൂദ് മദനി പറഞ്ഞു.

ഓരോ കുടുംബത്തെയും സമീപിച്ച് അവരുടെ യോഗ്യത നിർണയിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കലക്‌ടർക്ക് നിർദേശം നൽകിയത്. ഉത്തരാഖണ്ഡ് ഹൈകോടതിയുടെ 2022 ഡിസംബറിലെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഹൽദ്വാനിയിലെ സർക്കാർ ഭൂമി കൈയേറിയെന്ന് ആരോപിച്ചാണ് ഏകദേശം 50,000 പേരെ കുടിയൊഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടത്.

Tags