എച്ച്3എൻ2; മധ്യപ്രദേശിൽ ആദ്യ വെെറസ് ബാധ സ്ഥിരീകരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഒരാൾക്ക് എച്ച്3എൻ2 വെെറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് എച്ച്3എൻ2 വെെറസ് ബാധ സ്ഥിരീകരിക്കുന്നത്. ഭോപ്പാലിലെ ബൈരാഗർ സ്വദേശിയായ യുവാവിന് വെെറസ് മൂലമുണ്ടാകുന്ന ഇൻഫ്ലുവൻസ ബാധിച്ചതായും എന്നാൽ ഇപ്പോൾ രോഗലക്ഷണങ്ങളില്ലെന്നും ഭോപ്പാൽ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. പ്രഭാകർ തിവാരി പറഞ്ഞു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും വീട്ടിൽ നിരീക്ഷണത്തിലിരിക്കുന്ന യുവാവ് സുഖം പ്രാപിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
അതേസമയം വെെറസ് ബാധയെ തുടർന്ന് രാജ്യത്ത് രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ടവരിൽ ഒരാൾ മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ എഴുപത്തിനാലുകാരനുമാണ്. വെെറസ് ബാധയെ തുടർന്ന് രാജ്യത്ത് ആദ്യമായി രണ്ട് മരണം സ്ഥിരീകരിച്ചിരുന്നു. ഇതു കൂടാതെയാണ് മഹാരാഷ്ട്രയിൽ രണ്ട് പേർ കൂടി വൈറസ് ബാധയിൽ മരിച്ചതായി ആരോഗ്യമന്ത്രി തനാജി സാവന്ത് സഭയിൽ അറിയിച്ചത്.