ജിമ്മിൽ പോകുന്നതിനെചൊല്ലി തർക്കം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ലഖ്നോ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ ജിമ്മിൽ പോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ, ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. സ്ക്രാപ്പ് വ്യാപാരിയായ ശോഭിത് ഗുപ്തയാണ് ഭാര്യ പൂനത്തെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് സംഭവം.
പൂനം ജിമ്മിൽ പോകുന്നതിനെ ചൊല്ലി ഇടക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഭാര്യയുടെ സ്വഭാവത്തിൽ തനിക്ക് സംശയമില്ലെന്നും എന്നാൽ ജിമ്മിൽ പോകുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നതായും പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ജിമ്മിലെ പരിശീലകർ സ്ത്രീകളെ ദുരുദ്ദേശ്യത്തോടെ നോക്കുമെന്നും സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കരുതുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
ബുധനാഴ്ചയുണ്ടായ തർക്കത്തെ തുടർന്ന് ശോഭിത് ഇരുമ്പ് വടി ഉപയോഗിച്ച് പൂനത്തിന്റെ തലക്കടിക്കുകയായിരുന്നു. അവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ഏഴ് മണിക്കൂറോളം മൃതദേഹത്തിനൊപ്പം ഇരിക്കുകയും കൊലപാതകം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഭാര്യ വീണു പരിക്കേറ്റതായി എമർജൻസി സർവീസുകളെ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ പ്രതിയുടെ വാക്കുകളിലെ പൊരുത്തക്കേടുകളെ തുടർന്ന് തുടർച്ചയായി ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പത്തുവർഷം മുമ്പ് വിവാഹിതരായ ഇവർക്ക് ഏഴുവയസ്സുള്ള മകളുണ്ട്.
.jpg)

