ഗുവാഹത്തിയില്‍ ഭാര്യയെ കൊന്ന് തല ഫ്രിജില്‍ സൂക്ഷിച്ച കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു
പ്രതി രാമാനുജ് ഗോ സ്വാമിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്.
ഭാര്യയെ ക്രൂരമായി തലയറുത്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. പ്രതി രാമാനുജ് ഗോ സ്വാമിയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. പ്രാദേശിക പോലീസ് സ്റ്റേഷനില്‍ നിന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
കുത്തനെയുള്ള കുന്നിന്‍ ചെരിവിലേക്ക് ഉരുണ്ടുവീണ പ്രതിയുടെ തല കട്ടിയുള്ള വസ്തുവില്‍ ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 3.41-നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ പ്രതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും ജി.എം.സി.എച്ച് സൂപ്രണ്ട് ദേവജിത് ചൗധരി അറിയിച്ചു. ശരീരത്തില്‍ വെടിയേറ്റ പാടുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും കൂട്ടിച്ചേര്‍ത്തു.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവില്‍ ഭാര്യ റിയ താലൂക്ദാറിനെ കൊലപ്പെടുത്തിയെന്ന് രാമാനുജ് ഗോ സ്വാമി മുന്‍പ് പോലീസിനോട് സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട റിയയുടെ തലയറുത്ത നിലയിലുള്ള മൃതദേഹം പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്‍പായിരുന്നു ഈ ദാരുണ സംഭവം. ധുബ്രി സ്വദേശിയാണ് രാമാനുജ് ഗോ സ്വാമി.
.jpg)

