ഗുജറാത്തിൽ പാരസെറ്റമോളിന് പകരം പ്രമേഹത്തിനുള്ള മരുന്ന് നൽകി ; അഞ്ച് കുട്ടികൾ ഐ.സി.യുവിൽ
സൂറത്ത് : ഗുജറാത്തിലെ സൂറത്തിൽ വാക്സിനേഷൻ കഴിഞ്ഞ് പാരസെറ്റമോളിന് പകരം പ്രമേഹത്തിനുള്ള മരുന്ന് നൽകിയതിനെ തുടർന്ന് അഞ്ച് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൽസാന താലൂക്കിലെ കനവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പൽസാന 01 സബ് സെന്ററിൽ സെപ്റ്റംബർ 23ന് നടന്ന ‘മമത ദിവസ്’ പ്രതിരോധ കുത്തിവെപ്പ് പരിപാടിക്കിടെയാണ് സംഭവം.
സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് വനിതാ ഹെൽത്ത് വർക്കറായ ഇന്ദുബെൻ രതിലാൽ ചൗധരിയെ സസ്പെൻഡ് ചെയ്തു. വകുപ്പ് തല അന്വേഷണവും ആരംഭിച്ചു. സബ് സെന്ററിൽ ആകെ ഏഴ് കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ഇതിൽ അഞ്ച് കുട്ടികൾക്കാണ് തെറ്റായി പ്രമേഹത്തിന് നൽകുന്ന ഗ്ലിമെപിറൈഡ് എന്ന മരുന്ന് നൽകിയത്. വാക്സിനേഷന് ശേഷം കുട്ടികൾക്ക് സാധാരണയായി പനി, വേദന തുടങ്ങിയവ ഉണ്ടാകും. ഇതിനാണ് പാരസെറ്റമോൾ കിഡ് ഗുളിക നൽകുക. ഇതിന് പകരമാണ് ഗ്ലിമെപിറൈഡ് രണ്ട് മില്ലിഗ്രാം നൽകിയത്.
കുട്ടികളുടെ ആരോഗ്യനില മോശമായതോടെ സെപ്റ്റംബർ 24ന് അഞ്ച് പേരെയും ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായവരിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞും ഒരു വയസ്സുള്ള കുഞ്ഞും ഉൾപ്പെടും.
സംഭവം ഗുരുതരമായ അശ്രദ്ധയാണെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി പ്രഫുൽ പൻഷേരിയ വിശേഷിപ്പിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നര മാസവും ഒരു വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളും രോഗബാധിതരിൽ ഉൾപ്പെടുന്നുവെന്നും കുട്ടികൾക്ക് ഉടനടി വൈദ്യചികിത്സ ലഭിച്ചതായും ഇപ്പോൾ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വകുപ്പുതല നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ നിയമങ്ങൾക്കനുസൃതമായി അന്തിമ തീരുമാനം എടുക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
.jpg)

