വനമേഖലയിൽ അതിക്രമിച്ചു കയറി ; ഗുജറാത്തിൽ സിംഹത്തിന്റെ ആക്രമണത്തിൽ 21കാരൻ കൊല്ലപ്പെട്ടു
ഗുജറാത്തിലെ അമ്രേലിയിൽ നിയമവിരുദ്ധമായി വനമേഖലയിൽ പ്രവേശിച്ച 21 വയസുകാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മുൻജാവർ എന്ന യുവാവാണ് ദാരുണമായി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിച്ചതായിരുന്നു ഇവർ. സിംഹങ്ങൾ ഇണചേരുന്ന സമയത്ത് മൃഗങ്ങളെ പ്രകോപിപ്പിച്ചതാകാം ആക്രമണത്തിന് കാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ആൺ സിംഹത്തിന്റെ ആക്രമണത്തിൽ പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഷെട്രുഞ്ചി ഡിവിഷൻ ഡിസിഎഫ് ചിരാഗ് അമിൻ അറിയിച്ചു. കഴിഞ്ഞ ഒന്നര മാസത്തിനിടെ അമ്രേലിയിൽ നടക്കുന്ന ഏഴാമത്തെ സിംഹാക്രമണമാണിത്. ഈ കാലയളവിൽ അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ വനമേഖലയിലെ സുരക്ഷാ പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
.jpg)

