ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ നിയന്ത്രണങ്ങളോടെ ഹരിത പടക്കങ്ങൾ (Green Crackers) പൊട്ടിക്കാൻ സുപ്രീംകോടതി അനുമതി നൽകി. നവംബർ 7, 8 തീയതികളിൽ മാത്രമാണ് അനുമതിയുള്ളത്. അതേസമയം നവംബർ 9 മുതൽ പടക്കങ്ങൾക്കുള്ള പൂർണ്ണ നിരോധനം പുനഃസ്ഥാപിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാവിലെ 6 മുതൽ 7 മണി വരെയും രാത്രി 8 മുതൽ 10 മണി വരെയുമുള്ള നിശ്ചിത സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ. ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, വയോജന മന്ദിരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി പ്രഖ്യാപിത മേഖലകളുടെ 300 മീറ്റർ ചുറ്റളവ് 'നോ-ക്രാക്കർ സോണുകൾ' (No-Cracker Zones) ആയിരിക്കും.
ഈ പ്രദേശങ്ങളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായി വിലക്കിയിട്ടുണ്ട്.ഡൽഹിയിലെ വായുമലിനീകരണ പ്രശ്നത്തിൽ പൂർണ്ണമായ നിരോധനം മാത്രമാണോ ശാശ്വത പരിഹാരം എന്ന് തീരുമാനിക്കാൻ ആവശ്യമായ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2024-ൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചോ എന്നതിൽ വ്യക്തതയില്ലെന്നും, നിരോധനം നിലനിന്നിട്ടും എയർ ക്വാളിറ്റി ഇൻഡക്സിൽ (AQI) കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ദീപാവലിയോടുള്ള മതപരവും സാമൂഹികവുമായ പ്രാധാന്യം അംഗീകരിക്കുമ്പോൾത്തന്നെ, പരിസ്ഥിതി നാശവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചുകൊണ്ടുള്ള ആഘോഷങ്ങളോട് യോജിക്കാനാകില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.