സ്വന്തം നാട്ടിലേക്ക് മടങ്ങിവരൂ,വലിയ തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത് ; വിദേശത്തെ പഞ്ചാബി യുവാക്കളോട് തിരികെ വരാൻ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ഭഗവന്ത് മാൻ

Those who defected are 'traitors': Bhagwant Mann against Rajya Sabha members who left AAP and joined BJP

 ചണ്ഡീഗഢ് : വിദേശത്ത് സ്ഥിരതാമസമാക്കിയ പഞ്ചാബി യുവാക്കൾ സ്വന്തം നാട്ടിലേക്ക് മടങ്ങിവരണമെന്നും സംസ്ഥാനത്ത് വലിയ തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നതെന്നും ആഹ്വാനംചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. കഴിഞ്ഞ നാലര വർഷത്തിനിടെ പഞ്ചാബിൽ 68,268 സർക്കാർ ജോലികൾ നൽകാൻ എ.എ.പി സർക്കാറിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡിൽ (പി.എസ്.പി.സി.എൽ) പുതുതായി നിയമനം ലഭിച്ച 660ൽ അധികം ഉദ്യോഗാർഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് അന്യനാടുകളിൽ അലയേണ്ടതില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിവന്ന് ഇഷ്ടപ്പെട്ട ജോലി നേടണമെന്നുമാണ് അദ്ദേഹം സംസ്ഥാനത്തെ യുവാക്കളോട് പറഞ്ഞു. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിലവിലെ റിക്രൂട്ട്‌മെന്റ് നടപടികൾ പൂർണമായും സുതാര്യമാണെന്നും ഈ ഡ്രൈവിലൂടെ നടന്ന ഒരു നിയമനംപോലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ തൊഴിലവസരങ്ങൾമൂലം ഒരു ഉദ്യോഗാർഥിക്കുതന്നെ മൂന്ന് വ്യത്യസ്ത സർക്കാർ ജോലികൾ ലഭിച്ചതും അദ്ദേഹം ചടങ്ങിൽ ചൂണ്ടിക്കാട്ടി. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം പ്രൈമറി, മിഡിൽ സ്കൂൾ വിദ്യാഭ്യാസത്തിൽ പഞ്ചാബ് രാജ്യത്ത് 27ാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നതായും ഭഗവന്ത് മാൻ അവകാശപ്പെട്ടു. 

Tags