ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി; 20കാരന്‍ അറസ്റ്റില്‍

d

കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിച്ച പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 78കാരിയെ കൊച്ചുമകന്‍ കൊലപ്പെടുത്തിയത്

ബംഗളൂരു: കര്‍ണാടകയില്‍ ക്ഷേമപെന്‍ഷന്‍ തട്ടിയെടുക്കാന്‍ കൊച്ചുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി. 78കാരിയായ ഹമ്മവ്വ സനാദിയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡാമില്‍ ഉപേക്ഷിക്കുകായിരുന്നു.

20കാരനായ കൊച്ചുമകന്‍ ഭീമപ്പ സനാദിയെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റം മറച്ചുവയ്ക്കാന്‍ കൂട്ടുനിന്നതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.നവംബര്‍ 15-നാണ് ഹമ്മവ്വയുടെ മൃതദേഹം ഹിഡ്കല്‍ ഡാമില്‍ നിന്ന് കണ്ടെത്തിയത്. കല്ല് നിറച്ച ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിച്ച പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 78കാരിയെ കൊച്ചുമകന്‍ കൊലപ്പെടുത്തിയത്.  പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെന്‍ഷന്‍ തുക ആവശ്യപ്പെട്ട് ഭീമപ്പ മുത്തശ്ശിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. 

നവംബര്‍ പത്തിന് വയോധികയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളി ആഭരണങ്ങള്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു പ്രതി മുത്തശ്ശിയെ മോട്ടോര്‍ ബൈക്കില്‍ കൊണ്ടുപോകുകയായിരുന്നു. അവരെ കൊണ്ട് പണം പിന്‍വലിപ്പിച്ച ശേഷം സമീപത്തെ കുന്നിന്‍പുറത്തേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന 2,300 രൂപയും സ്വര്‍ണ്ണമാലയും ഇയാള്‍ കവര്‍ന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി കല്ല് നിറച്ച ശേഷം മോട്ടോര്‍ സൈക്കിളില്‍ ഏകദേശം 15 കിലോമീറ്ററോളം സഞ്ചരിച്ച് ഹിഡ്കല്‍ അണക്കെട്ടിലെ ജലാശയത്തില്‍ തള്ളുകയായിരുന്നു.

Tags