നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരായ കേരളത്തിന്റെ ഹരജി മേയ് 13ന് പരിഗണിക്കും


ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുന്നതിന് എതിരായ കേരളത്തിന്റെ ഹരജികൾ മേയ് 13ന് ആരംഭിക്കുന്ന ആഴ്ച ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. മേയ് 13നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. ഹരജികൾ ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു.
തമിഴ്നാട് സർക്കാർ ഗവർണർ ആർ.എൻ. രവിക്ക് എതിരെ നൽകിയ ഹരജിയിൽ വാദം കേട്ട് വിധി പ്രസ്താവിച്ചത് ജസ്റ്റിസ് പർഡിവാലയുടെ ബെഞ്ച് ആയതുകൊണ്ടാണ് ആവശ്യമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി. എന്നാൽ, ആവശ്യത്തിൽ തീരുമാനം ഇപ്പോൾ പറയുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

സുപ്രീംകോടതിയിൽ രണ്ട് ഹരജികളാണ് കേരളം ഫയൽ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിക്കും ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര സർക്കാറിനും എതിരെ നൽകിയ ഹരജി ലിസ്റ്റ് ചെയ്തിരുന്നത് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ്. ഈ ഹരജി പരിഗണനക്കെടുത്തപ്പോഴാണ് കേരളത്തിന്റെ ഹരജികൾ ജസ്റ്റിസ് ജെ.ബി. പർഡിവാല ബെഞ്ചിലേക്ക് വിടണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
അതേസമയം, കേരളത്തിന്റെ ഹരജിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുമെന്ന് അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. ഗവർണറോട് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.