അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ടതായി കണക്കാക്കാം : സുപ്രീം കോടതി

Air pollution affects the poor; Supreme Court says awareness should be created during Diwali celebrations

ന്യൂഡൽഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ടതായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇതിനായി അധികാരികൾ പ്രത്യേകം സസ്പെൻഷൻ ഉത്തരവുകൾ ഇറക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കൈക്കൂലി കേസിൽ അറസ്റ്റിലായ ബിഹാറിലെ ആശുപത്രി മാനേജറുടെ ജാമ്യം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

സമസ്തിപൂർ സദർ ആശുപത്രിയിലെ മാനേജറായ വ്യക്തിക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കേസിൽ അറസ്റ്റിലായി 15 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ഇയാളുടെ സസ്പെൻഷൻ പിൻവലിച്ച്, അതേ ആശുപത്രിയിൽ അതേ തസ്തികയിൽ തന്നെ വീണ്ടും നിയമിച്ചതിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. 'സസ്പെൻഷൻ പിൻവലിച്ച് ഇയാളെ വീണ്ടും അതേ ആശുപത്രിയിൽ ഒരേ പോസ്റ്റിൽ തന്നെ നിയമിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന സർക്കാർ ഇക്കാര്യം അടിയന്തരമായി പരിശോധിക്കണം,' ബെഞ്ച് നിർദ്ദേശിച്ചു.

പരാതിക്കാരന്റെ 36,421 രൂപയുടെ കുടിശ്ശിക പാസാക്കാൻ 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. 1988-ലെ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റിലായ ഇയാൾ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം സെഷൻസ് കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. എന്നാൽ പട്ന ഹൈക്കോടതി ഈ ജാമ്യം റദ്ദാക്കി. കൈക്കൂലിത്തുക ചെറുതാണെന്ന സെഷൻസ് കോടതിയുടെ നിരീക്ഷണത്തെ ഹൈക്കോടതി വിമർശിക്കുകയും പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെയാണ് ഉദ്യോഗസ്ഥൻ സുപ്രീം കോടതിയെ സമീപിച്ചത്.

പട്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി ഇപ്പോൾ ജാമ്യം പുനഃസ്ഥാപിച്ചിരിക്കുന്നത്. സെഷൻസ് കോടതി ജാമ്യം നൽകി ഒരു വർഷത്തിന് ശേഷമാണ് ഹൈക്കോടതി അത് റദ്ദാക്കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൈക്കൂലിത്തുക ചെറുതാണോ വലുതാണോ എന്നത് ജാമ്യം നൽകുന്നതിനുള്ള മാനദണ്ഡമാകാൻ പാടില്ലെന്ന ഹൈക്കോടതിയുടെ വിലയിരുത്തലിനോട് സുപ്രീം കോടതിയും യോജിച്ചു. എന്നാൽ, പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാലും, ലഭിക്കാവുന്ന പരമാവധി ശിക്ഷ പരിഗണിച്ചും ഇത്തരം കേസുകളിൽ സാധാരണഗതിയിൽ ജാമ്യം അനുവദിക്കാമെന്നും നവംബർ 6-ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി.

Tags